കോവളം സ്പാ പീഡനക്കേസ്: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ യുവതി പിടിയിലായത് സാമ്പത്തിക ഇടപാടുകളുടെ തെളിവിൽ

കോവളം: പ്രായപൂർത്തിയാകാത്ത ആന്ധ്ര സ്വദേശിനിയെ കോവളത്തെയും വിഴിഞ്ഞം ചപ്പാത്തിലെയും സ്പാകളിലെത്തിച്ച് ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയെന്ന കേസിൽ നഗരൂർ പഞ്ചായത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.സി. മായ (42) അറസ്റ്റിലായത് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിൽ. വട്ടക്കരിക്കകം കാക്കാണിക്കര മഹേഷ് ഭവനിൽ താമസിക്കുന്ന മായയെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിൽ നേരത്തേ അറസ്റ്റിലായ അനുരൂപിന്റെയും നിഷാന്തിന്റെയും മൊബൈൽ ഫോണുകൾ പരിശോധിച്ചതോടെയാണ് മായയിലേക്ക് അന്വേഷണം എത്തിയത്. ഇരുവരുടെയും ഫോണുകളിൽ മായയുമായുള്ള വാട്സാപ് ചാറ്റുകളും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചു. അനുരൂപിന്റെ ഗൂഗിൾ പേയുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് മായ ദിവസവും നിശ്ചിത തുക കൈമാറിയിരുന്നതായും കണ്ടെത്തി.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മായയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തെളിവുകൾ മുന്നിൽവെച്ചതോടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മായ സമ്മതിച്ചതായാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം.
മായയുടെ അറസ്റ്റോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. റിമാൻഡിൽ കഴിയുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ സുഹൃത്താണ് മായ. പെൺകുട്ടി പീഡനത്തിനിരയായതായി ആരോപിക്കപ്പെടുന്ന സ്പാകളിലൊന്നായ ഡ്രീംസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നതും മായയാണെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന അസിസ്റ്റന്റ് കമ്മിഷണർ എസ്. ചന്ദ്രകുമാർ അറിയിച്ചു.
മറ്റൊരു സ്പാ ഉടമയായ സജിത്കുമാർ, പെൺകുട്ടിയുടെ ഇളയമ്മ, ഇളയമ്മയുടെ ഭർത്താവ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവരുമായി മായയ്ക്ക് ഉണ്ടായിരുന്ന ഫോൺ ബന്ധങ്ങളും പൊലീസ് പരിശോധിച്ചു. പെൺകുട്ടിയും മായയും സ്പായിൽ ഒരേസമയം ഉണ്ടായിരുന്നതായി വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
നഗരൂർ പഞ്ചായത്തിൽ ജോലി ചെയ്യുന്ന മായ വെങ്ങാനൂർ വെണ്ണിയൂർ കക്കാക്കുഴിയിൽ വാടകയ്ക്ക് താമസിച്ചിരുന്നതും അന്വേഷണസംഘത്തിന്റെ സംശയത്തിന് ഇടയാക്കിയിരുന്നു. കേസിൽ കസ്റ്റഡിയിലുള്ള പെൺകുട്ടിയുടെ ഇളയമ്മയെയും ഭർത്താവിനെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.









